Friday, 18 May 2018

സെൽഫി

അവൻ  എടുത്ത അവസാനത്തെ  സെൽഫി...
അവൻ കുറിച്ച  അവസാനത്തെ  സാഹസം !!!
കണ്ടു  നിന്നവരൊക്കെ നടുങ്ങി
കേട്ടു നിന്നവരൊക്കെ വിങ്ങി

ചർച്ച ചുഴറ്റി മദിച്ചു ചാനൽ
നിയമമരിച്ചു പതിരു തേടി

പക്ഷെ... ഒരു സത്യം മിഴിച്ചു നിന്നു
ഇപ്പോൾ.... അവൻ  ഇല്ല !!!

പായുന്ന  തീവണ്ടിയുടെ  വാതിലിൽ 
മരണം  പതുങ്ങി നിന്നതറിയാതെ
അവൻ  ഒരു  സെൽഫി എടുത്തു
വേഗതയായി  മരണം  പാഞ്ഞു  വന്നു
ഒരു  ക്ലിക്ക്...........!!!!!

ആ  ചിരി  പതിഞ്ഞു....
ഇന്നി.... സെൽഫി  മാത്രം !!!! 

Thursday, 17 May 2018

അർച്ചന

"രണ്ട് അർച്ചന"
"പേരും നാളും പറയൂ"
"സുനിൽ, ഉത്രം, ആതിര മകം"
"പത്തു രൂപ"
അയാൾ പത്തു രൂപാ നോട്ടു നീട്ടി.
"ഭഗവാനേ രക്ഷിക്കണേ"
രസീത് അയാളുടെ തൊഴുകൈയിലൊതുക്കി അയാൾ ശ്രീ കോവിലിലേക്ക് നോക്കി.
"ദേവീ.... അമ്മേ.... "
അയാൾ പോക്കെറ്റിൽ തപ്പി. കിട്ടിയ രണ്ടു രൂപാ ദക്ഷിണ ഇട്ടു.... എന്റെ ട്രാൻസ്ഫർ പെട്ടെന്ന് ശരിയാക്കണേ.... അയാൾ നിന്നിരുന്ന വരി മെല്ലെ മെല്ലെ മുന്നോട്ട് നീതി... ശ്രീ കോവിലിനു മുന്നിലെത്തിയപ്പോൾ ആ രസീത് ശ്രീ കൊവിലിന്റെ പടിയിൽ വെച്ച്‌ അയാൾ തൊഴുതു പ്രാർത്ഥിച്ചു....
"ദേവീ..... അമ്മേ....രക്ഷിക്കണേ......"
ശ്രീ കോവിൽ കഴിഞ്ഞതും വരി പിരിഞ്ഞു പോയി....
അയാൾ അർച്ചന പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറിലേക്ക് പോയി....
അയാൾ പത്ത് രൂപ പോക്കെറ്റിൽ നിന്നെടുത്തുവെച്ചു....
ഒരഞ്ചു മിനിറ്റ്‌ കഴിഞ്ഞു നല്ല പ്രായമുള്ള ഒരാൾ ഒരു തട്ടം നിറയെ വാഴയിലയിൽ വെച്ച് പ്രസാദവുമായി എത്തി.....
അയാൾ ഓരോന്നായി എടുത്തു പേരു വിളിച്ചു.....
"സുനിൽ... ഉത്രം..."
"ഉണ്ടേ..."
അയാൾ മുന്നിൽ ചെന്നു പ്രസാദം വാങ്ങി... 10 രൂപ ആ തട്ടത്തിലേക്കിട്ടു.....
ദൈവവും പരിവാരങ്ങളും സന്തുഷ്ടരായി...
വക്കീലും ഗുമസ്ഥനും പോലെ...
"വക്കീലേ... കേസ് നമ്മൾ ജയിക്കുമോ"

Wednesday, 16 May 2018

അവധികൾ

അവധികൾ,
ഭാരമാണ്.....
തടവറയാണ്.....
ഉറക്കമാണ്......
ഫാനിന്റെ ശബ്ദവും
ചുവരിന്റെ  മൗനവും
നാഴികയുടെ  അനക്കവും
നിഴലിന്റെ  നീളം
കൂടുന്നതും  നോക്കി
അതാ  കാവൽ  നിൽക്കുന്നു.

അവധികൾ
ചോദ്യമാണ്....
നീറ്റലാണ്.....
തിരച്ചിലാണ്.....
ചുമക്കാത്ത  പൂക്കാലവും
ചിരിക്കാത്ത വെയിലും
ചിലക്കാത്ത  കുയിലും
ഈ  തീരത്തു  തിരയെണ്ണി
നാളെയെന്ന  മണൽ
കുടിലു  കൂട്ടി....

Tuesday, 15 May 2018

പുലരി

തിരക്കിൻറെ
കിഴക്കു  കൊളുത്തി
ഒരു ദിനം കൂടി
പ്രഭാതമൊരുക്കി

നേരം പാഞ്ഞ
നാഴിക വിരലിൽ
ഓർമ്മ  ഛായം
കുതിർന്നു  പെഴുന്നു

ഇന്നി എന്തെല്ലാം ഒരുക്കണം
സമയത്തിനു പോകണം
ബസിന്റെ  നേരം
തുറിക്കുന്ന  സമയത്തിനു ......

പത്രം പറന്നു വീഴുന്നു
പുത്രൻ ഉണർന്നു കരയുന്നു
അടുപ്പു ചൂളം വിളിക്കുന്നു
മഴയും  വെയിലും നോക്കാതെ
പ്രാതൽ പാത്രം  മോറി വെച്ചു

'അമ്മ' ചിറകുള്ള
ജ്വാലയാണ്....
കാലം സഞ്ചി നിറയെ
മുളവടിയുമായി
ഇരമ്പി വരുമ്പോൾ
തിരക്ക്  ജട കുലുക്കി
തുള്ളി വരുമ്പോൾ

സാമ്പാറിൻ
മണമുയരുന്നു
അമ്മ  ആണ്ടുകളിൽ
എത്ര എത്ര
പുലരികൾ  തന്നു !!!!  

Monday, 14 May 2018

ചങ്ങാത്തങ്ങൾ

ചിരി ചാറും ചങ്ങാത്തങ്ങൾ
ചന്തം തോന്നും ചങ്ങാടങ്ങൾ
ഓളം കൊഞ്ചിയ താളത്തിൽ
ആടി, പാടി മേളങ്ങൾ....
പൂവോ പൊന്നോ  ചങ്ങാതീ....
ഈ പുണ്യം പെഴും  നേരങ്ങൾ!!!! 

Sunday, 13 May 2018

ഓർമ്മകൾ

ഓർമ്മകൾ  വെറുതെ
പെയ്യുന്നു.....
ബാല്യത്തിൻ
കൈകോർത്തു
നനയുന്നു.....
കൂട്ടുകാരാ.... നമ്മൾ
കളിച്ച  വഴിയിൽ
വീണ്ടും  കണ്ടുമുട്ടിയെങ്കിൽ.....

Friday, 11 May 2018

നടക്കുമ്പോൾ

നടക്കുമ്പോൾ ഓർക്കേണ്ടതെന്ത്???

നേടാൻ നടക്കുന്നോ???
നോവാൻ നടക്കുന്നോ???

നടിക്കാതെ നടക്കാൻ  ഓർക്കണം 
അടിയറിഞ്ഞു  താണ്ടാൻ   ഓർക്കണം

Wednesday, 9 May 2018

ശ്രീ രാമകൃഷ്ണ ഉപനിഷാദ് (പുസ്തക വായന)

ജീവിതത്തിന്റെ മധുരം അറിഞ്ഞ മഹാന്മാർ നമ്മുടെ വായനയെ സമ്പന്നമാക്കിയിട്ടുണ്ട്. ആ കൂട്ടത്തിൽ ഒരാൾ ആണ് ശ്രീ രാമകൃഷ്ണ പരമഹംസർ. അദ്ദേഹത്തിന്റെ ജീവിത ദർശനത്തിന്റെ അടയാളപ്പെടുത്തലാണ് സി. രാജഗോപാലാചാരിയുടെ ശ്രീ രാമകൃഷ്ണ ഉപനിഷാദ്. അദ്ദേഹം  കൽക്കി എന്ന വാരികയിൽ  എഴുതിയ  ലേഖനങ്ങളാണ്  ഇതിന്റെ  ഉള്ളടക്കം. 

ഈ പുസ്തകം 34 പാഠങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ഓരോ ഭാഗവും കൈകാര്യം ചെയ്യുന്ന ആശയം രസകരമായ കഥകളിലൂടെ വിശദീകരിക്കുന്നു. ഏതു തരം ബൗദ്ധിക  നിലയിൽ ഉള്ളവർക്കും മനസിലാകുന്ന ലളിതമായ ആശമാണ് ഓരോ കഥയും ഉൾകൊള്ളുന്നത്. 80 പേജ് ഉള്ള പുഷ്തകം കുറഞ്ഞ സമയം മാത്രമേ വായനക്കാരിൽ  ആവശ്യപ്പെടുന്നുള്ളൂ എങ്കിലും, സാവധാനം വായിക്കുന്നത് ഓരോ ആശയത്തിനും ആവശ്യത്തിനു  ചിന്തക്ക് ഇടനൽകും.
മനുഷ്യ  ജ്ഞാനത്തിന്റെ  ശരിയായ  ദിശയിലേക്കു  നയിക്കാൻ  ഈ  അറിവിന്റെ  പ്രകാശത്തിനു  കഴിയും. കമലയുടെ  കണ്ണാടി  എന്ന ഭാഗത്തു  നിർമ്മലമായ ഹൃദയം കൊണ്ട് ഭഗവത്  ദർശനത്തിന്റെ  വഴി  കാട്ടിത്തരുന്നു. സങ്കീർണമായ  വേദാന്തത്തെക്കാൾ  സാധാരണമനുഷ്യന്  ഉപയോഗമുള്ള  പ്രാവർത്തിക  സത്യങ്ങൾ വിശദീകരിക്കുകയാണ്  അദ്വൈതവാദത്തിൽ. മനഃശുദ്ധി, പുതുജന സേവനം, ഭക്തി, മാതൃത്വം, വേദാന്തം, തുടങ്ങി  നിരവധി വിഷയങ്ങൾ ഓരോ ഭാഗത്തും ലളിത ദർശനങ്ങളായി  ഉൾച്ചേർത്തിരിക്കുന്നു.

മിനിസ്തീയുടെ  വിവർത്തനം  ആത്മീയതക്ക് ഭാവം ചോരാതെയുള്ള പ്രയോഗങ്ങളും ഒരു തീർത്ഥ സ്ഥാനത്തെത്തിയ ആർദ്രത പകരുന്നു. ഈ ആഴ്ചയിലെ വായനാ  അനുഭവം ഈ  പുസ്തകത്തെ  നിത്യ  വായനയുടെ  ശ്രേണിയിലേക്കു  തെരഞ്ഞെടുത്തിരിക്കുന്നു. 

Friday, 4 May 2018

ചങ്ങാതീ....

ഓർമ്മകൾക്ക്
വരമ്പു തീർത്തു
ചങ്ങാതീ...
നീ കടന്നുപ്പോയ്‌...
വരമ്പത്തു
പാഴ് പുല്ലുപ്പിടിച്ചു
നാളേറെയായി
ആരോന്നീ വഴി
വരാൻ....
നടപ്പാതയും മാഞ്ഞു....

Thursday, 3 May 2018

പാസ്സ് ബുക്ക്

"ഇന്ന് പാസ്സ് ബുക്ക് പതിക്കാനാവില്ല. അടുത്ത തവണ ആകട്ടെ"
'I Care U' എന്ന ബോർഡിനപ്പുറം നിന്നു സാങ്കേതികത കൈ മലർത്തി.
സേവനം നിസ്സഹായതയോടെ നോക്കി. I CARE U...
"ATMൽ പൈസ ഇല്ലലോ"
"അത് നിറക്കാൻ ആള് വന്നില്ല"
നിങ്ങൾ മാറു... പുറകിൽ ഒരുപാട് പേരുണ്ട്...
"2 കൗണ്ടറിലും ആൾ ആളില്ലല്ലോ"
"അവർ അവധിയിലാണ്... നിങ്ങൾ മാറു... നിങ്ങളുടെ കാര്യം കഴിഞ്ഞില്ലേ???"
സേവനം എന്നെ തള്ളിമാറ്റി...
I CARE U
ആ ബോർഡ് ഒന്നു കൂടി വായിച്ചു....
അതിനു മുന്നിൽ അതാ അപൂർണ്ണമായ പാസ്സ് ബുക്ക്.....

Wednesday, 2 May 2018

ഒരു പകൽ

വിവാഹ പന്തൽ ഉയർന്നു.
പ്രണയം നീന്തി കരക്കെത്തി....
ഉടയാത്ത കുപ്പായത്തിന്റ് ഉടുക്കിൽ ഭാവിയുടെ പാശം കറ തേച്ചു മാഞ്ഞു.... ഒരു അലങ്കാരം പോലെ അവൾ വന്നു.... പട്ടും, പൊന്നും, പാട്ടും കൂടി.... നിലവിളക്കിന്റെ വെളിച്ചത്തിൽ തിളങ്ങി.....
ഒടുക്കം വീട്ടിലേയ്ക്ക്.....
പകൽ മടങ്ങി.... പന്തൽ അഴിഞ്ഞു..... മുറ്റത്തെ ചേറിൽ മഴ തുള്ളി കളിച്ചു..... പുത്തൻ നാമ്പുകൾ ചിരിച്ചു....

Tuesday, 1 May 2018

സമരം

കരഞ്ഞു  വലഞ്ഞ കേരളമേ
കയർത്തു മെലിഞ്ഞ  സമരങ്ങളെ
നിങ്ങൾക്ക്  മറവി കൊണ്ടു  പൂജ
മൃതിയെന്ന അടയാളമുള്ള സ്മാരകം