Wednesday, 29 April 2020

അമ്പലം

അമ്പലങ്ങൾ
കൂടുകളായി
ദൈവങ്ങൾ
കല്ലുകളായി
ഇരുളിന്റെ
അർച്ചനയിൽ
മൗനസഹസ്രജപം
പ്രസാദം നൽകാതെ
മയങ്ങിപ്പോയി.

Friday, 17 April 2020

വായന- കവിതകളുടെ റിപ്പബ്ലിക്ക്- ശ്രീ ബിനുരാജ്

താൻ ജീവിച്ച ലോകത്തിലെ കാഴ്ചകളെയും വായനയെയും ഭാവനയുടെ ചിറകിലേറ്റി പുനർവായന നടത്തുകയാണ് ബിനുരാജിന്റെ 'കവിതയുടെ റിപ്പബ്ലിക്ക്' എന്ന കവിതാസമാഹാരം. ജീവിത സഞ്ചാരത്തിന്റെ വൈവിധ്യമാർന്ന ചിത്രങ്ങൾ കവിതയിലൊരുങ്ങുമ്പോൾ,അവ സംസ്കാരത്തിന്റെയും ആധുനികതയുടെയും പൊള്ളുന്ന തീഷ്ണത വായനകാരിലേക്കു പകരുന്നുണ്ട്. ഇന്നലെകളിൽ വിഷമിച്ചിരിക്കുന്നവന്റെ മുന്നിൽ പെട്ടന്ന് വന്ന മഴയിൽ എല്ലാം മറന്ന് നനയുന്നതിന്റെ കുളിർമയുണ്ട് ഈ വായനാ അനുഭവത്തിന്‌.

എന്റെ മകൻ പഠിക്കാൻ പോകുന്നത്
എന്നെപ്പോലെ നടന്നിട്ടല്ല, സന്തോഷം
പക്ഷേ, മാഷേ
സ്കൂളിലേക്കുള്ള വഴിയും
പഠിക്കാനുള്ളതല്ലേ.....
(സ്കൂളിലേക്കുള്ള വഴി)

ഈ വരികളിൽ കണ്ടു മാഞ്ഞ ഒരു ചിത്രമുണ്ട്. വളരെ ലളിതമായ ഭാഷയിലൂടെ വരച്ചിടുന്ന ചിത്രത്തിൽ അസാധാരണമായ ഒരു അർത്ഥ മൂർച്ചയുണ്ട്. ആധുനികതയിൽ സന്തോഷിക്കുന്നതിനൊപ്പം നഷ്ടത്തിന്റെ ഒരു ഓർമപ്പെടുത്തൽ കൂടി അടയാളപ്പെടുത്തുന്നു.

'കവിതയുടെ റിപ്പബ്ലിക്ക്' എന്ന കവിത ഒരു മനോഹരമായ വായന അനുഭവമാണ്. ആധുനിക രാഷ്ട്രീയ മൈതാനത്തിൽ മുഖം മൂടിയിട്ട് മുദ്രാവാക്യം മുഴക്കുന്ന രാഷ്ട്രീയ 'പത്രാസുകൾ' തുറന്നു കാട്ടുകയാണ് ഈ രചന.

പഠിത്തത്തിലും കലയിലുമൊന്നും
മിടുക്ക് ഇല്ലാതിരുന്ന
കർഷകന്റെ മകൻ
ഇന്നും
പാടത്ത്, ഒറ്റക്കാണ്
എന്ന 'കൃഷിപാഠത്തിലെ' വരികൾ പാടവരമ്പിലൂടെ നടക്കുന്ന കാലത്തോടുള്ള കലഹമാണ്. ഒറ്റപ്പെടലിനോട്.... സ്വാർത്ഥതയോടെ നടന്നു അകലുന്ന ആധുനികതയോട്....

മൂന്ന് ബുധശിഷ്യന്മാർ എന്ന കവിതയിൽ സാമൂഹിക വൈവിധ്യം മനുഷ്യ വ്യവഹാരങ്ങളിൽ പ്രതിഫലിക്കുന്നത് എങ്ങനെ എന്നു കാട്ടിത്തരുന്നു.

മറ്റൊരു ശ്രദ്ധേയയമായ കവിതയാണ് 'വായിച്ചുതീർന്ന പുസ്തകം'. പുസ്തകം ചില്ലിട്ട മനോഹാരിത മാത്രമല്ല.... അവക്ക് പറയാൻ ഒരു പാട് അനുഭവം ഉണ്ട്....

വാകീറിയ ദൈവം ഇരയല്ല
ചിരിയാണ് കരുതിവെച്ചത്

ചിരി എന്ന കവിതയിലെ വരികളാണ് ഇത്. ചിരിയുടെ ചന്തവും ചിന്തയും മാത്രമല്ല ചരിത്രം കൂടി ഇതിൽ വരച്ചിട്ടിരിക്കുന്നു. ചിരി എന്ന് പേരിട്ട ആ കോളേജ് പയ്യൻ വായിച്ചു തീർന്നാലും ചിരി നിർത്തില്ല...

വായനക്കിടയിൽ മാറ്റൊലി കൊണ്ട ചില അനുഭവങ്ങളാണ് ഇവിടെ കുറിച്ചത്. ഈ സമാഹാരത്തിൽ 22 കവിതകളാണ് ഉള്ളത്. ഓരോന്നും നല്ലൊരു വായന അനുഭവം ആയിരുന്നു. ബിനുരാജിന് ഒരായിരം ആശംസകൾ.

വായനയുടെ ലോകത്തിൽ ഏറെ സഞ്ചരിച്ച, ആധുനികതയെ തുറന്ന മനസ്സോടെ ഉൾകൊള്ളുന്ന, പഴമയെ ലാളിക്കുന്ന, ഭാവനാ സമ്പന്നനായ ഒരു ഏകാകിയുണ്ട് ഈ കവിതകളിൽ. അയാളുടെ ആഴമുള്ള കാഴ്ചയും പാട്ടും നമ്മുടെ ജീവിതത്തിലെ വ്യഥകൾക്കും, അലച്ചിലുകൾക്കും, വേട്ടയാടലുകൾക്കും ഒരു ഉത്തരമായിരിക്കും.

ഇന്നി: ഈ കവിതാ സമാഹാരത്തിന്റെ പുറം ചട്ട പ്രശംസ അർഹിക്കുന്നു. പേരിനു ചേരുന്ന ഒരു കലാ കിരീടം.