Wednesday, 25 November 2020

ചെകുത്താൻ്റെ വോട്ട്

നാളെ ചെകുത്താനോട്
വോട്ടു ചോദിക്കാൻ പോണം
ഒരു വോട്ടല്ലേ
അതെങ്കനെ കളയും
ദൈവം ചിന്തിച്ചു....

ആള് ഭയങ്കരനാ
നീച്ചനും ക്രൂരനും
പാപജന്മവുമാണ്
ഇന്നലെ പാടിയതും
അകറ്റിയതും
ഓടിച്ചതും
ഒരു പുഞ്ചിരിയിൽ
മായ്ച്ച് ....
ഒരു തൊഴുകൈയാലെ
കൈകഴുകി ചെല്ലണം

പക്ഷേ എന്തു വാഗ്ദാനം
കരുതണം.....
ഒരു അമ്പലമായാലോ
ഒരു അറവുശാലയായാലോ
ഒരു ഗുണ്ടാസംഘമായാലോ
അതോ .....
എന്തായിരിക്കും
പ്രതിക്ഷിക്കുക

ദൈവമേ....
ഇലക്ഷനാണ്
കാലം തെറ്റിയും
മഴ പെയ്യും
എന്തു പറഞ്ഞാലും
ഒരു വോട്ടാണ്
ഞാൻ ജയിച്ചില്ലങ്കിലോ
ദൈവം രാത്രി മുഴുവൻ
ചിന്തയുടെ തിരി നീക്കി
എണ്ണയൊഴിച്ച്
രാത്രിയെ ഇറക്കി വിട്ടു

നാലാം ദിവസത്തെ
പ്രചരണം
ദൈവം വോട്ടു ചോദിച്ചിറങ്ങി
ചെകുത്താൻ്റെ വീട്ടിലേയ്ക്ക്
ഒരു റമ്മിൻ്റെ കഴിഞ്ഞു വെട്ടി
പ്രാതലിൻ്റെ പാത്രം നക്കി
ഉമ്മറത്തെ പരമ്പിലിരുന്ന്
വെറ്റിലത്തുമ്പു നുള്ളുമ്പോൾ
അതാ വരുന്നു.... ദൈവം
ചെകുത്താൻ അട്ടഹസിച്ചു
"വോട്ടു ചോദിച്ച്
നീയെൻ്റെ മുറ്റത്തോ"
ദൈവം ചിരി മങ്ങാതെ
തൊഴുകൈ മാറാതെ
വോട്ടിനായി കിതച്ചു
"ജനാധിപത്യത്തിൻ്റെ
ജാതകം കൊള്ളാം ആട്ടെ
നിൻ്റെ വാഗ്ദാനമെന്താ?"
ദൈവം ഉള്ളിലെ നടുങ്ങൽ
മുഖത്തു തെളിയാതെ ചിരിച്ചു
"എന്തു വേണം"
ചെകുത്താൻ ദേഷ്യത്താൽ ചുവന്നു
" നീയാണോ ദൈവം
വോട്ടു തേടുന്ന പുണ്യം
പോടാ പ്പോ....."
ഇറങ്ങും മുമ്പു
ദൈവം പറഞ്ഞു
"എൻ്റെ ചിഹ്നം
അറിയാമല്ലോ"
"അമ്പും വില്ലും"
ചെകുത്താൻ മുറ്റത്തേയ്ക്ക്
കാർക്കിച്ചു തുപ്പി.

Monday, 23 November 2020

രഹസ്യം

മനുഷ്യൻ്റെ
ഉള്ളിൽ
രഹസ്യത്തിനൊരറ
നിർമ്മിക്കാൻ
ദൈവം തീരുമാനിച്ചു.
സൃഷ്ടി കഴിഞ്ഞ്
വിശ്രമത്തിൻ്റെ
ഏഴാം നാളിൽ
തോന്നിയ കൗതുകം
ചെകുത്താൻ്റെ
വഴികൾ അറിയാൻ
വഴി വെട്ടാനായിരുന്നു ചിന്ത
പക്ഷേ ആദ്യം തന്നെയുള്ളിൽ
രഹസ്യത്തിനൊരു നില ഒരുക്കണം
ചിന്തകളിൽ മുഴുകി
ചക്രവാളത്തോളം വീർത്ത
ചിന്തയുമായി
ചരിഞ്ഞും പിരിഞ്ഞും
കിടക്കുമ്പോൾ
ചെകുത്താൻ ആ വഴി വന്നു
നീ സൃഷ്ടിച്ച ലോകം കൊള്ളാം
പുഴകളിൽ കുളിച്ച് 
പുല്ലുമേടകളിൽ കളിച്ച്
കാട്ടിലലഞ്ഞ്
ഫലങ്ങൾ തിന്നു മദിച്ച്
ഒരു പൂവിൻ്റെ
ചിരിയിലലിഞ്ഞ്
പർവ്വതത്തിലേറി
ജീവൻ്റെ ഉത്സവമായി
ജീവജാലങ്ങൾ..... മനോഹരം!!!
ദൈവം കണ്ണടച്ചു
രഹസ്യത്തിന്
ഒരു ഗുഹ നിർമ്മിക്കണം
സ്വാർത്ഥതയുടെ കറുത്ത
പാറയിൽ അയാൾ
കുഴിച്ച് ഒരറയുണ്ടാക്കി
ഉണങ്ങിയ മരച്ചില്ലകൾ കൂട്ടി
തീ പകർന്ന് വെളിച്ചമുണ്ടാക്കി.
ഒരാശ്വാസത്തോടെ
ഒരു പുഞ്ചിരിയോടെ
അല്പമിരുന്ന
സമയം നടന്നകന്നു
ചെകുത്താൻ്റെ 
ആട്ടഹാസം കേട്ട്
പെട്ടന്നുണർന്നു ....
അയാൾ വേഗം
പുറത്തിറങ്ങാൻ
നോക്കി....
പക്ഷേ
അപ്പോയേക്കും
ചെകുത്താൻ
ഗുഹാ മുഖം
അടച്ചിരുന്നു.....

Sunday, 22 November 2020

ഉദയ ചായ

അഴിമതി വാരിയെറിഞ്ഞ്
വരാന്തയിൽ
പത്രം വന്നു വീണു
കഥയോ കടങ്കഥയോ
കെട്ടുകഥയോ
വിയർത്തു നാറിയ
പകലിൻ്റെ അധ്വാനം
ഉദയ ചായയുടെ
മധുരം കെടുത്തുന്ന
ദഹനക്കേടിൻ്റെ
കെടുതി കണ്ടു നിന്നു.

ഞാൻ നടന്ന വഴിയിൽ
ചീറി പാഞ്ഞ അധികാരങ്ങൾ
കക്കാൻ കെട്ടിയ
ജനാധിപത്യത്തിൻ
നേർച്ചയിട്ട വോട്ടുകൾ
എണ്ണിച്ചിരിച്ചവർ
നേരംമ്പോക്കിൻ്റെ
ചതുരംഗത്തിൽ
വാതുവെച്ചിരുന്ന
ഭരണത്തിനുള്ളയാശകൾ.

പിന്നെ ജനമല്ല
അണി മാത്രം
ശരണം ഇല്ല
ഭരണം മാത്രം
വന്ന വഴി അല്ല
മുന്നോട്ടുള്ള വഴി മാത്രം.
പിന്നെ നടുങ്ങുന്ന
വാർത്ത നേരം
നോക്കാതെ
കൂകി വന്നു
അഴിമതിയെന്നൊരു കൂട്ടർ
ആദർശം കണ്ടാൽ
അറിയാത്തതെന്ന്
മറു കൂട്ടർ....
പത്രം കണ്ടതൊക്കെ പാടി
പാടിയതെക്കെ ഭയം മാത്രം
അഴിമതിയുടെ കഥ മാത്രം

ഇളം മഞ്ഞിൽ
ചെറു തണുത്ത കാറ്റിൽ
എൻ്റെ പനിനീർ റോസ കണ്ട്
ഈ ഉദയ ചായ
മെല്ലെ രുചിച്ചൊരു പ്രഭാതം
എനിക്കീ ദിനം മതി

(പത്രം വന്നു വീഴട്ടെ
പക്ഷേ പ്രഭാതം 
വീണുടയാതിരിക്കട്ടെ.... )Saturday, 21 November 2020

വോട്ട്

വോട്ടു ചോദിച്ചു
വിയർക്കുന്ന ദിനങ്ങൾ
അഞ്ചു വർഷം
നടന്നു തേഞ്ഞ
ഓർമ്മകൾ കളി വിതറി
ചിരിക്കാനായി നുള്ളി
പഞ്ചായത്തെന്നും
വില്ലേജെന്നും
ഓർക്കുമ്പോൾ
എൻ്റെ ചെരുപ്പിൻ്റെ
രുചിയറിഞ്ഞ 
ആ ആപ്പീസിൻ്റെ
പടി മറന്നിട്ടുണ്ടാവില്ല
വിയർത്തു നാറിയ ദിനങ്ങൾ
അന്നൊന്നും കണ്ടില്ല
അന്നൊന്നും അറിഞ്ഞില്ല
ഫോൺ വിളിച്ചാൽ എടുക്കില്ല
നോക്കാം എന്ന മറുപടിക്കു
താഴെ പതുങ്ങിമയങ്ങിയ ദിനങ്ങൾ
ഇന്ന് കസേര ചോദിച്ചിറങ്ങുന്നു
നാട്ടുവിഴകളിൽ ചിരി ചിത്രങ്ങളിൽ
വീട്ടുമുറ്റങ്ങളിൽ അവർ 
വോട്ടു ചോദിച്ചെത്തുന്നു
ജനാധിപത്യം അടക്കം
പറയുന്നു.....
വോട്ടു മാത്രമാണ്
നിൻ്റെ വെടിമരുന്ന്
ചിലത് അവസാനിപ്പിച്ച്
ചില വിത്തു വിതറാൻ
ഈ ഇലക്ഷൻ്റെ
സെലക്ഷൻ മാത്രം മതി.

Friday, 20 November 2020

വഴി തെറ്റി

അസുരനാകാൻ
അരപ്പണം
കടം ചോദിച്ചതല്ല
എൻ്റെ പാട്ടുകൾ
തേച്ചുമിനുക്കിയ
ഉന്നം കൊണ്ട്
രക്തം മുക്കി
സിംഹാസനം വരച്ച്
എൻ്റെ ചരിത്രം
നേർച്ച വെച്ചതുമല്ല
നൊന്ത നേരങ്ങളിൽ
ഓർത്തു നോക്കൂ
ആരാണാ വാക്കുകൾക്ക്
കത്തി വേഷം
വരച്ചു രസിച്ചതെന്ന്?
നീ നിക്കായ് തുന്നിയ
പട്ടു മാറ്റി ഈ
വെയിൽ നിന്നെ
കണ്ണാടിയിൽ നോക്കൂ
നീ ദേവനോ അസുരനോ?
നീ വെടിമരുന്നു
നിറച്ച ന്യായങ്ങൾ
എൻ്റെ നെഞ്ചിലിരുന്ന്
പൊട്ടി ചിതറി
നീ പൊയ് ക്കാലുകൊണ്ട്
പാവകെട്ടി ഭടൻമാരെ
ഒരുക്കിയപ്പോൾ
അത് എന്നിൽ
നിരാശ നിറച്ചു
ഒടുക്കം നീ
പാടിയതൊക്കെ
അരക്കില്ലം പ്പോലെ
കത്തിയമരുന്നത് 
ഞാൻ കണ്ടു
എന്നിട്ടും നീ
പറയുന്നു
ഞാൻ നിന്നെ
ആക്രമിച്ചെന്ന്
ഇല്ല ഒരിക്കലുമില്ല
ഞാൻ ഒരാഗ്രത്തിനു
പുറകേ നടന്നു
പക്ഷേ വഴി തെറ്റി
എന്നറിയാൻ വൈകി.....

ഉറക്കം

എൻ്റെ ഓരോ
രാത്രിയും
തുഴഞ്ഞടുക്കുന്നത്
ഉറക്കത്തെ
മെരുക്കാനുള്ള
കളരിയിലേക്കാണ്
ദൂരമറിയതെ
ഭൂതത്തിലേയ്ക്ക്
കരമ്പടമിട്ടുമറക്കുന്ന
ചക്രവാളത്തിൽ
ചുവന്ന മഷികൊണ്ട്
രണ്ടു നേരം
പൂർത്തിയാവാത്ത
കഥ പറഞ്ഞ
കാലമേ
ഇന്നു ഞാൻ
ഉറക്കത്തെ
പിടിച്ചുകെട്ടും
എൻ്റെ കിടക്കയിൽ
ഒരു സ്വപ്നത്തിൻ്റെ
ഗോളമായ്
ഞാൻ ഒരു
പകലും രാവും
നെയ്ത്
ഉറക്കത്തിന്
താലി ഉരുക്കും.
കാലമേ ഇന്നിയെങ്കിലും
നീ അവളുടെ
വിലാസം പറയൂ