Tuesday, 29 December 2020

രഹസ്യം

 


മനുഷ്യൻ്റെ
ഉള്ളിൽ
രഹസ്യത്തിനൊരറ
നിർമ്മിക്കാൻ
ദൈവം തീരുമാനിച്ചു.
സൃഷ്ടി കഴിഞ്ഞ്
വിശ്രമത്തിൻ്റെ
ഏഴാം നാളിൽ
തോന്നിയ കൗതുകം
ചെകുത്താൻ്റെ
വഴികൾ അറിയാൻ
വഴി വെട്ടാനായിരുന്നു ചിന്ത
പക്ഷേ ആദ്യം തന്നെയുള്ളിൽ
രഹസ്യത്തിനൊരു
നില ഒരുക്കണം
ചിന്തകളിൽ മുഴുകി
ചക്രവാളത്തോളം വീർത്ത
ചിന്തയുമായി
ചരിഞ്ഞും പിരിഞ്ഞും
കിടക്കുമ്പോൾ
ചെകുത്താൻ ആ വഴി വന്നു
നീ സൃഷ്ടിച്ച ലോകം കൊള്ളാം
പുഴകളിൽ കുളിച്ച്
പുല്ലുമേടകളിൽ കളിച്ച്
കാട്ടിലലഞ്ഞ്
ഫലങ്ങൾ തിന്നു മദിച്ച്
ഒരു പൂവിൻ്റെ
ചിരിയിലലിഞ്ഞ്
പർവ്വതത്തിലേറി
ജീവൻ്റെ ഉത്സവമായി
ജീവജാലങ്ങൾ..... മനോഹരം!!!
ദൈവം കണ്ണടച്ചു
രഹസ്യത്തിന്
ഒരു ഗുഹ നിർമ്മിക്കണം
സ്വാർത്ഥതയുടെ കറുത്ത
പാറയിൽ അയാൾ
കുഴിച്ച് ഒരറയുണ്ടാക്കി
ഉണങ്ങിയ മരച്ചില്ലകൾ കൂട്ടി
തീ പകർന്ന് വെളിച്ചമുണ്ടാക്കി.
ഒരാശ്വാസത്തോടെ
ഒരു പുഞ്ചിരിയോടെ
അല്പമിരുന്ന
സമയം നടന്നകന്നു
ചെകുത്താൻ്റെ
ആട്ടഹാസം കേട്ട്
പെട്ടന്നുണർന്നു ....
അയാൾ വേഗം
പുറത്തിറങ്ങാൻ
നോക്കി....
പക്ഷേ
അപ്പോയേക്കും
ചെകുത്താൻ
ഗുഹാ മുഖം
അടച്ചിരുന്നു.....

Thursday, 17 December 2020

ആത്മാവ്

 


ജീവിച്ചിരുന്നപ്പോൾ ആത്മാവിനെ കുറിച്ച് 
മാത്രമാണ് അയാൾ സംസാരിച്ചത്
അതിൻ്റെ അനശ്വരതയിൽ അഭിമാനിച്ച്
അതിൻ്റെ പൊൻ പ്രഭയിൽ
അലങ്കരിച്ച്
അതിൻ്റെ ദർശന നിറവിൽ
വാക്കു വരച്ച്
അയാളുടെ കാഷായം
ആർഷ സംസ്കൃതിയുടെ
തപത്തിലലിഞ്ഞു
ശരീരം നടന്ന വഴിയിൽ
ശരീരം വലഞ്ഞ വഴിയിൽ
ശരീരം അടയാളം വെച്ച കാഴ്ചയിൽ
ശരീരം സീമ വരച്ച
വ്യതങ്ങളിൻ
ശരീരം കൊണ്ടൊരു കൊടിനാട്ടി
ആശ്രമമെന്നൊരു പന്തൽ കെട്ടി
ശരീരം കവരാൻ നിന്ന
കാലക്കേടിനോട് കലഹിച്ച്
പുൽമെത്ത ചോദിച്ച്
ശരീരം തപസ്സിന്നിരുന്ന്
"ആത്മാവാണ് നാളം
ആത്മാവാണ് സത്യം
ആത്മാവാണ് നിത്യം"
.......... അങ്ങനെ നിലാവ്
പെയ്തൊരു നാളിൽ
അയാൾ മരിച്ചു
അല്ല...
ആത്മാവ് ജയിൽ
മോചിതനായി....
എന്നാൽ
മറ്റുള്ളവർ അയാളുടെ ശരീരത്തെ
നോക്കി കരഞ്ഞു
സ്മാരകത്തെ കുറച്ച്
ചിന്തിച്ചു വലഞ്ഞു
ആ പുണ്യം
മാഞ്ഞു പോകരുത്
ശരീരം അവരെ
ശവപറമ്പിലേയ്ക്ക് വലിച്ചു
ഒരു ശില്പമുണ്ടാക്കണം
ആശ്രമത്തിനു മുന്നിൽ
അത്മാവിൻ്റെ തത്വം ജ്വലിക്കാൻ
ആ ശരീരത്തിൻ്റെ രൂപം
തന്നെ വേണം

Friday, 4 December 2020

ശവപ്പെട്ടി

 

ശവപ്പെട്ടിയാകട്ടെ എന്ന്

ശാപം കിട്ടിയ ഒരു മരം

ശാപമറിയാതെ കാട്ടിലെ

കുടുംബത്തിൽ

കാറ്റിലാടി

ഇലനുള്ളിയെറിഞ്ഞ്

ഉല്ലസിച്ച കാലം

ഒരിക്കലും വേടനെത്താത്ത

ഒരിക്കലും നരനറിയാത്ത

ഒരിക്കലും പുലരി

പീലി വിടർത്താത്ത

ഒരിക്കലും ജീവനായുള്ള

പിടച്ചിലില്ലാത്ത കാട്ടിൽ

ഒരുനാൾ ഒരശരീരി 

ആ മരത്തിനു മേൽ

പതിച്ചു….

നീ ശവപ്പെട്ടിയായി

തീരട്ടെ…..

കാറ്റ് ചുടുകാറ്റായ്

ഇല വിളറി വാടി 

പൂക്കളുടെ നിറം മങ്ങി

ജന്മാന്തര സംസ്കൃതികൾക്ക്

തേർതെളിച്ച തണലിൽ

മരണത്തിൻ നിഴൽ വന്നു

പതുങ്ങി….

ഇതാരാണ്

ആരുടെ ശാപമാണ്

ആകാശമേ നീയോ

മണ്ണായി പൊറ്റിയ

ഭൂമീ നീയോ

വേടനോ മുനിയോ

ആരാണ് ഈ

നിഴലിനപ്പുറം….

വീണ്ടും കാറ്റു വന്നു

കൈകോർത്തു

ചാഞ്ഞും ചരിഞ്ഞും

അവർ മരത്തിനിടയിലൂടെ

ആരുടെ ശബ്ദമെന്നു

തിരഞ്ഞു...

വേദന വേരറുക്കുന്നപ്പോലെ

വിധിയുടെ മഴു

ഉടൽ പിളർക്കുന്നപ്പോലെ

ഇന്നി ഈ ജന്മമെങ്ങോട്ട്….???


ശവം ചുമക്കാനാണോ വിധി

ശാപമേറ്റു ദ്രവിക്കാനാണോ സ്ഥിതി

കാലമെന്നും രൂപമില്ലാത്ത

ശാപങ്ങളുടെ നിഴലിൽ

നാട്യങ്ങളെത്രയാടുന്നു

ആകാശമേ നീ സാക്ഷി