ശവപ്പെട്ടിയാകട്ടെ എന്ന്
ശാപം കിട്ടിയ ഒരു മരം
ശാപമറിയാതെ കാട്ടിലെ
കുടുംബത്തിൽ
കാറ്റിലാടി
ഇലനുള്ളിയെറിഞ്ഞ്
ഉല്ലസിച്ച കാലം
ഒരിക്കലും വേടനെത്താത്ത
ഒരിക്കലും നരനറിയാത്ത
ഒരിക്കലും പുലരി
പീലി വിടർത്താത്ത
ഒരിക്കലും ജീവനായുള്ള
പിടച്ചിലില്ലാത്ത കാട്ടിൽ
ഒരുനാൾ ഒരശരീരി
ആ മരത്തിനു മേൽ
പതിച്ചു….
നീ ശവപ്പെട്ടിയായി
തീരട്ടെ…..
കാറ്റ് ചുടുകാറ്റായ്
ഇല വിളറി വാടി
പൂക്കളുടെ നിറം മങ്ങി
ജന്മാന്തര സംസ്കൃതികൾക്ക്
തേർതെളിച്ച തണലിൽ
മരണത്തിൻ നിഴൽ വന്നു
പതുങ്ങി….
ഇതാരാണ്
ആരുടെ ശാപമാണ്
ആകാശമേ നീയോ
മണ്ണായി പൊറ്റിയ
ഭൂമീ നീയോ
വേടനോ മുനിയോ
ആരാണ് ഈ
നിഴലിനപ്പുറം….
വീണ്ടും കാറ്റു വന്നു
കൈകോർത്തു
ചാഞ്ഞും ചരിഞ്ഞും
അവർ മരത്തിനിടയിലൂടെ
ആരുടെ ശബ്ദമെന്നു
തിരഞ്ഞു...
വേദന വേരറുക്കുന്നപ്പോലെ
വിധിയുടെ മഴു
ഉടൽ പിളർക്കുന്നപ്പോലെ
ഇന്നി ഈ ജന്മമെങ്ങോട്ട്….???
ശവം ചുമക്കാനാണോ വിധി
ശാപമേറ്റു ദ്രവിക്കാനാണോ സ്ഥിതി
കാലമെന്നും രൂപമില്ലാത്ത
ശാപങ്ങളുടെ നിഴലിൽ
നാട്യങ്ങളെത്രയാടുന്നു
ആകാശമേ നീ സാക്ഷി
No comments:
Post a comment